വരക്കല്‍ ബാ അലവി മുല്ലക്കോയ തങ്ങള്‍


ഏകദേശം അഞ്ഞൂറോളം പ്രവാചക കുടുംബങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ ഉണ്ടെന്നാണ് ഒരുനിഗമനം. നാല്‍പതിന്നടുത്ത് ഖബീലകള്‍(കുടുംബപേര്) കേരളത്തിലുള്ളതായി കണക്കാക്കപ്പെടുന്നു.
    കേരളത്തിലെ സാദാത്തുക്കളുടെ കുടുംബ പേര്‍: 1) ശിഹാബുദ്ധീന്‍, 2) മൗലദ്ദവീല, 3) ഹൈദ്രോസ്, 4) ജിഫ്രീ, 5) ബുഖാരി, 6) ബാഫഖീഹ്, 7) ആലുബദമി, 8) ആലുബില്‍ ഫഖീഹ്, 9) ബാ അലവി, 10) ജമലുല്ലൈലി, 11) അഹ്ദല്‍, 12) ഐദീദ്, 13) ഖഹ്ത്ത്, 14) ബാഹസ്സന്‍, 15) അശ്ശാത്വിരി, 16) അല്‍ഹദ്ദാദ്, 17) ഖരീദ്, 18) ആലുഫഖീഹ്, 19) ആലു ഹംറൂന്‍, 20) അല്‍മുസാവ, 21) ആലുമുഖൈസില്‍, 22) മശ്ഹൂര്‍, 23) ജീലാനി, 24) ആലുശ്ശില്‍പി, 25). ആലുസ്സാഹിര്‍, 26) ആലുജുനൈദ്, 27) ആലുല്‍ ബഹ്ശി, 28) ആലു മൗലാ ഖൈലാ, 29) ആലുബാണെബാന്‍, 30) ബാ അറൂദ്, 31) ആലുല്‍ ഹസനി, 32) തുറബി, 33) ആലു മംഫര്‍, 34) ആലു മുനവ്വര്‍, 35) ആലുല്‍ഹാദി, 36) സഖാഫ്, 37) മഖ്ദീ, 38) ആലുമുശയ്യഖ്, 39) ആലുദഹബ്.
     സയ്യിദ് മുഹമ്മദ് ബാ അലവി തങ്ങളായിരുന്നു വരക്കല്‍ മുല്ലക്കോയ തങ്ങളുടെ പിതാവ്. 1926-ല്‍ രൂപീകരിച്ച കേരളത്തിലെ ഉന്നത മത സംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ സ്ഥാപക പ്രസിഡണ്ടായിരുന്നു സയ്യിദ് അബ്ദുറഹ്മാന്‍ ബാ അലവി മുല്ലക്കോയ തങ്ങള്‍.
     സയ്യിദ് മുഹമ്മദ് ബാ അലവി തങ്ങള്‍ രണ്ട് വിവാഹം ചെയ്തിരുന്നു. ആദ്യ ഭാര്യ ആയിശ മരക്കാരകത്ത് ശരീഫ ചെറിയബീവിയായിരുന്നു. ഈ വിവാഹത്തില്‍ ആദ്യം ജനിച്ച കുട്ടിയായിരുന്നു സയ്യിദ് മുഹമ്മദ് കുഞ്ഞി സീതികോയ തങ്ങള്‍ രണ്ടാമത്തെ പുത്രനായിരുന്നു മുല്ലക്കോയ തങ്ങള്‍ (ജനനം 1840). മൂന്നാമത്തേത് ശരീഫ ആയിശ മുല്ലബീവി.
വരക്കല്‍ മുല്ലക്കോയ തങ്ങളുടെ പിതാവ് രണ്ടാം വിവാഹം ചെയ്തത് സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ പിതാവ് സയ്യിദ് അബ്ദുല്‍ ഖാദര്‍ ബാഫഖി തങ്ങളുടെ പിതാവ് സയ്യിദ് മുഹമ്മദ് ആറ്റകോയ തങ്ങളുടെ സഹോദരി ശരീഫ സൈനബ ആറ്റബീവിയെയായിരുന്നു. ഈ വിവാഹത്തില്‍ അദ്ദേഹത്തിന് സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍, സയ്യിദ് അഹ്മദ് ആറ്റകോയ തങ്ങള്‍, സയ്യിദ് അലവി കോയ തങ്ങള്‍, സയ്യിദ് ചെറിയ കോയ തങ്ങള്‍ എന്നീ നാല് ആണ്‍മക്കളും, ശരീഫ ആയിശ എന്ന ബീകുഞ്ഞു ബീവി, ശരീഫ ഖദീജ ചെറിയ ഇമ്പിച്ചിബീവി, ശരീഫ മുത്ത് ബീവി എന്നീ മൂന്ന് പെണ്‍മക്കളും ജനിച്ചു. വരക്കല്‍ മുല്ലക്കോയ തങ്ങള്‍ 1858-ല്‍ ഫാത്വിമ എന്ന മഹതിയെ വിവാഹം കഴിച്ചു. എന്നാല്‍ അതില്‍ മക്കളുണ്ടായില്ല.
അറബി, പേര്‍ഷ്യന്‍, ഉറുദു ഭാഷകളില്‍ അവഗാഹം നേടിയ പണ്ഡിതനായിരുന്നു മുല്ലക്കോയ തങ്ങള്‍. കണ്ണൂരിലെ അറക്കല്‍ രാജകൊട്ടാരത്തില്‍ തങ്ങള്‍ ഉന്നത സ്ഥാനം വഹിച്ചിരുന്നു. കൊട്ടാരത്തിലെ മത ചടങ്ങുകളുടെ നേതൃത്വം തങ്ങള്‍ക്കായിരുന്നു. ഹൈദറാബാദിലെ നൈസാം ഭരണകൂടവും തങ്ങളെ ബഹുമാനിച്ചിരുന്നു. ബ്രിട്ടീഷ് സര്‍ക്കാരും തങ്ങളെ ആദരിച്ചിട്ടുണ്ട്. വരക്കല്‍(പുതിയങ്ങാടി) തീവണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചിരുന്നുവത്രെ. ധാരാളം സന്ദര്‍ശകര്‍ അക്കാലങ്ങളില്‍ തങ്ങളെ കാണാന്‍ നിത്യം വരാറുണ്ടായിരുന്നു.
     മലബാര്‍ മാന്വലിന്റെ കര്‍ത്താവായ കോഴിക്കോട് കലക്ടര്‍ സര്‍ വില്ല്യം ലോഗനുമായി തങ്ങള്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. അശരണരുടെ അത്താണിയായിരുന്ന വരക്കല്‍ മുല്ലക്കോയ തങ്ങള്‍ ബാ അലവി എ.ഡി.1932 (ഹിജ്‌റ 1352 ശഅബാന്‍ 17)ന് വഫാത്തായി. 92 വയസ് വരെ നീണ്ട ആ ധന്യ ജീവിതം മരണം വരെ ദീനി സേവനത്തില്‍ നിരതമായിരുന്നു. കോഴിക്കോട് പുതിയങ്ങാടിയിലെ വരക്കല്‍ മഖാമിലാണ് മഹാന്‍ അന്ത്യവിശ്രമം കൊള്ളുന്നത്. വഫാത്തുവരെ സമസ്തയുടെ പ്രസിഡണ്ട് പദവി തങ്ങള്‍ വഹിച്ചു. സാമാന്യം സാമ്പത്തിക സൗകര്യം തങ്ങള്‍ക്കുണ്ടായിരുന്നു. അക്കാലത്ത് സര്‍ക്കാറില്‍ നികുതി അടക്കുന്ന പ്രധാനിയില്‍ പെട്ടയാളായിരുന്നു തങ്ങള്‍.
    ഇന്ന് കേരളത്തില്‍ കോഴിക്കോട്, പട്ടിക്കാട്, വെട്ടിച്ചിറ, ഇരിങ്ങാവൂര്‍, കുറ്റിപ്പുറം തുടങ്ങിയ സ്ഥലങ്ങളില്‍ അധിവസിക്കുന്ന സയ്യിദുമാരില്‍ ധാരാളം ബാഅലവി കുടുംബതത്തില്‍ പെട്ടവരാണ്. ലഖബ്, കുന്‍യത്ത് എന്നിവ അറിയപ്പെടാത്ത പ്രവാചക കുടുംബത്തെ 'ബാ അലവി' എന്ന് പറയുന്നത് കൊണ്ട് മക്കയില്‍ നിന്ന് കോഴിക്കോട്ട് എത്തിയ സയ്യിദ് ഹാമിദ് ബാ അലവി തങ്ങന്‍മാര്‍ മൊത്തം എന്നു പറയാന്‍ സാധ്യമല്ല. ഹളര്‍മൗത്തില്‍ നിന്നോ മറ്റോ കേരളത്തില്‍ എത്തിപ്പെട്ട തങ്ങന്‍മാരിലൂടെയുമാവാം അതുമല്ലെങ്കില്‍ ഹള്‌റമികള്‍ തന്നെ ബാ അലവി എന്ന പേരില്‍ അറിയപ്പെട്ടിട്ടുണ്ടാവാം.
    കോഴിക്കോട് ഖാസി കുടുംബത്തിലെ പ്രഗല്‍ഭ പണ്ഡിതനും നിമിഷകവിയും അനവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായിരുന്ന മൗലാനാ കില്‍സിങ്ങാന്റെ അകത്ത് അബൂബക്കര്‍ കുഞ്ഞിഖാസി (മരണം 1884) യായിരുന്നു വരക്കല്‍ മുല്ലക്കോയ തങ്ങളുടെ പ്രധാന ഉസ്താദ്. സയ്യിദ് അലി അത്താസ് മദീന, അബ്ദുല്ലാഹില്‍ മഗ്‌രിബി എന്നിവരും തങ്ങളുടെ ഗുരുവര്യന്മാരാണ്. 
    സയ്യിദ് ഹാമിദ് അലി ബാഅലവി തങ്ങള്‍ മുതല്‍ സയ്യിദ് ബാഅലവി വരക്കല്‍ മുല്ലക്കോയ തങ്ങള്‍ വരെയുള്ള തലമുറകള്‍ മുസ്‌ലിം കേരളത്തിലെ മത-ഭൗതിക കാര്യങ്ങളില്‍ അഭയകേന്ദ്രങ്ങളായിരുന്നു. മുല്ലക്കോയ തങ്ങള്‍ക്ക് സന്താന ഭാഗ്യമുണ്ടായിരുന്നില്ല മുസ്‌ലിം കേരളത്തിനു അഭയ കേന്ദ്രമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ എന്ന മഹത് പ്രസ്ഥാനത്തിന് ജന്മം നല്കിക്കൊണ്ടാണ് തങ്ങള്‍ ഈ ലോകത്തോട് വിടവാങ്ങിയത്. വരക്കല്‍ തങ്ങളും പിതാമഹന്മാരും അന്ത്യവിശ്രമം കൊള്ളുന്ന മഖ്ബറയും അവര്‍ സ്ഥാപിച്ച പള്ളിയും പരിസരവും എല്ലാം ഇന്ന് സമസ്തയുടെ ഉടമയിലാണെന്നത് സമസ്തയുടെ മേല്‍ സാദാത്തുകളുടെയും കറാമത്തുതന്നെയാണ്. തങ്ങളും പിതാക്കളുമെല്ലാം സയ്യിദ് കുടുംബത്തിലെ ഉന്നതമായ ബാഅലവി ഖബീലയില്‍ പെട്ടവരായിരുന്നു. ഉന്നത പണ്ഡിതന്മാരും സൂഫികളും വലിയ്യുകളുമായിരുന്ന അവരെല്ലാം അനവധി കറാമത്തുകളുടെ ഉടമകളുമായിരുന്നു ശൈഖുനാ ശംസുല്‍ ഉലമാ ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാരുടെ അന്ത്യവിശ്രമവും വരക്കല്‍ മഖാമിലാണെന്നത് സമസ്ത ചരിത്രത്തില്‍ പ്രത്യേകം പ്രസ്താവ്യമാണ്.
     സഊദിയില്‍ നടന്ന വഹാബി നരനായാട്ടിന്നിടയില്‍ നിരവധി മഹാന്മാര്‍ വധിക്കപ്പെട്ടിരുന്നു. മദീനക്കാരായ ചിലര്‍ പുതിയങ്ങാടിയില്‍ അക്കാലത്ത് അഭയം തേടിയെത്തുകയും പിന്നീടവര്‍ കേരളത്തില്‍ പലയിടങ്ങളിലായി താമസമാക്കുകയും ചെയ്തതായി പറയപ്പെടുന്നു.
    പുതിയങ്ങാടി മുല്ലക്കോയ തങ്ങളടെ വീട്ടിലേക്ക് കേരളത്തിന്റെ നാനാഭാഗത്ത് നിന്നുംജനങ്ങള്‍ എത്തിച്ചേര്‍ന്നിരുന്നത് ട്രെയിന്‍ മാര്‍ഗ്ഗമായിരുന്നു. ഇന്നത്തെ വെസ്റ്റ്ഹില്‍ റെയില്‍വേ സ്റ്റേഷന്റെ പഴയ പേര് 'വരക്കല്‍' എന്നായിരുന്നു. 'വരക്കല്‍' സ്റ്റേഷനിറങ്ങിക്കൊണ്ടായിരുന്നു പുതിയങ്ങാടിയിലെത്തിയിരുന്നത്. അതുകാരണം ദുരൈനിന്ന് വരുന്നവര്‍ വരക്കല്‍ തങ്ങള്‍, എന്ന് പറയാന്‍ തടുങ്ങി.
    പുതിയങ്ങാടി മഖ്ബറയുടെ റോഡിനു (കോഴിക്കോട്-കണ്ണൂര്‍ റോഡിനെയും ബീച്ച് റോഡിനെയും ബന്ധിപ്പിക്കുന്ന റോഡിനു) 'കോയ റോഡ്' എന്നാണ് പേര്. മുല്ലക്കോയതങ്ങളുടെ വഫാത്തിന് ശേഷം കോഴിക്കോട നഗരസഭ തങ്ങളുടെ സ്മരണക്കായ് കോയറോഡ് എന്ന് നാമകരണം ചെയ്തത്.
    (കോട്ടുമല ഉസ്താദിന്റെ വഫാത്തിന് ശേഷം മലപ്പുറം നഗരസഭ ഉസ്താദിന്റെ വസതിയും മഖ്ബറയും കോട്ടുമല സ്മാരക കോപ്ലംക്‌സും സ്ഥിതിചെയ്യുന്ന കാളമ്പാടി റോഡിനു കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ റോഡ് എന്ന നാമകരണം ചെയ്യുകയുണ്ടായി)
    വരക്കല്‍ മുല്ലക്കോയ തങ്ങള്‍ ആത്മീയരംഗത്ത് ഉന്നത സ്ഥാനത്തായതുപോലെതന്നെ ഭൗതിക രംഗത്തും ഉന്നതമായ അംഗീകാരമാണ് തങ്ങള്‍ക്കുണ്ടായിരുന്നത്. കളക്ടര്‍ ഉള്‍പ്പെടെയുള്ള ബ്രട്ടീഷ് ഉദ്യോഗസ്ഥന്മാര്‍ തങ്ങളെ സന്ദര്‍ശിച്ച് മുസ്‌ലിങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും തങ്ങളുടെ അഭിപ്രായങ്ങള്‍ അനുസരിച്ച് പരിഹാരം ഉണ്ടാക്കുകയും ചെയ്തിരുന്നു. അറക്കല്‍ കൊട്ടാരത്തിലേക്കുള്ള യാത്രക്കായി പ്രത്യേകം കുതിരവണ്ടികള്‍ തന്നെ തയ്യാറാക്കി നിരുത്തിയിരുന്നു. കോഴിക്കോട് പുതിയങ്ങാടിയില്‍ നിന്ന് കണ്ണൂര്‍ കൊട്ടാരം വരെയുള്ള റോഡരുകില്‍ തെങ്ങുകള്‍ കണ്ണൂര്‍ രാജാവ് തയ്യാറാക്കി നിര്‍ത്തിയിരുന്നു എന്നത് തങ്ങള്‍ക്ക് നല്കിയ അംഗീകാരം മനസ്സിലാക്കാന്‍ കഴിയും ഭരണപരമായ കാര്യങ്ങളില്‍ ഉപേദേശം നല്കുക. ഇന്ത്യക്കകത്തും പുറത്തുമുള്ള രാജാക്കളുമായി അറബി, ഉറുദു, പേര്‍ഷ്യന്‍ ഭാഷകളില്‍ എഴുത്തുകുത്തുകള്‍ നടത്തുക, രാജവംശത്തിന് കീഴിലുള്ള പള്ളികളുടെയും മഹല്ലത്തുക്കളുടെയും മേല്‍നോട്ടം തുടങ്ങിയവ തങ്ങളായിരുന്നു നിര്‍വ്വഹിച്ചിരുന്നത്. മലബാര്‍ മാന്വലില്‍ മുസ്‌ലിംകളെ സംബന്ധിച്ചുള്ള വിവരണം ഉള്‍പ്പെടുത്തുന്നതിന് തങ്ങളുമായുള്ള സാമീപ്യം ലോഗണ്‍ സായിപിന് വളരെ ഉപകരിച്ചിട്ടുണ്ട്. തുഹ്ഫത്തുല്‍ മുജാഹിദീന്‍ തുടങ്ങിയ ഗ്രന്ഥങ്ങളിലെ ആശയം ലോഗന് പരിഭാഷപ്പെടുത്തി കൊടുത്തത് തങ്ങളായിരുന്നു. സര്‍ക്കാറിന്റെ അനവധി ബഹുമതികളും സ്ഥാനങ്ങളും തങ്ങള്‍ക്ക് ലഭിച്ചിരുന്നു. സായ്പുമാരുമായുള്ള ബന്ധം ഇംഗ്ലീഷ് ഭാഷ പഠിക്കാന്‍ തങ്ങളും ഉപയോഗപ്പെടുത്തിയിരുന്നു. 
    തങ്ങളുടെ ജീവിതകാലത്ത് സമസ്തയുടെ അഞ്ച് മഹാസമ്മേളനങ്ങള്‍ നടന്നു. 1927 ഫിബ്രവരിയില്‍ ഒന്നാം സമ്മേളനം താനൂരിലും, അതേ വര്‍ഷം ഡിസംബറിലും രണ്ടാം സമ്മേളനം മോളൂരിലും, 1929 ജനുവരിയില്‍ മൂന്നാം സമ്മേളനം ചെമ്മങ്കുഴയിലും, 1930 മാര്‍ച്ച് മാസത്തില്‍ നാലാം സമ്മേളനം മണ്ണാര്‍ക്കാട്ടും, 1931 മാര്‍ച്ചില്‍ അഞ്ചാം സമ്മേളനം വെള്ളിയാഞ്ചേരിയിലും വിപുലമായ നിലയില്‍ നടന്നിരുന്നു. '29' ല്‍ വെള്ളിയാഞ്ചേരി സമ്മേളത്തിനു ശേഷമാണ് മുഖപത്രമായ അല്‍ബയാന്‍ പ്രസിദ്ധീകരണം തുടങ്ങിയത്. ആറുവര്‍ഷം സമസ്തയുടെ വളര്‍ച്ച നേരില്‍ കണ്ട് സന്തോഷിച്ചതിന് ശേഷമാണ് തങ്ങള്‍ ഈ ലോകത്തോട് വിടവാങ്ങിയത്. പുതിയങ്ങാടി മഖ്ബറയില്‍ തങ്ങളുടെ ഖബറിടം പ്രത്യേകം വേര്‍ത്തിരിച്ചിട്ടുണ്ട്. ജനന മരണ തിയ്യതികള്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അവരുടെ ബര്‍കത്ത് കൊണ്ട് നമ്മെ അല്ലാഹു ഇഹപരവിജയികളില്‍ ഉള്‍പ്പെടുത്തട്ടെ. 
ജനനം 1840. വഫാത്ത്: 1932 (ഹി.1351 ശഅബാന്‍ 17)